Diocese of Hosur St. Thomas Pastoral Centre 16, Ayanavaram Road, Ayanavaram Chennai - 600 023 Tamil Nadu, India

Jul
10

ഹൊസൂർ രൂപതയുടെ സ്ഥാപകപിതാവ് ഓർമയായിട്ട് 10 വർഷം…….
ഹൊസൂർ രൂപതയുടെ ചരിത്രം എഴുതുമ്പോൾ ആദരവോടെ ആദ്യം സ്മരിക്കപ്പെടുന്ന പേരാണ് മാർ ജെയിംസ് പഴയാറ്റിലിന്റേത്. രൂപത ഔദ്യോഗികമായി നിലവിൽ വരുന്നതിന് വർഷങ്ങൾക്കുമുമ്പേ അതിന്റെ ആത്മീയ അടിത്തറ പാകുകയും വളർച്ചയുടെ ദിശ നിർണയിക്കുകയും ചെയ്ത മഹാനായ ഇടയനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ മാർ ജെയിംസ് പഴയാറ്റിൽ ഹൊസൂർ രൂപതയുടെ സ്ഥാപകപിതാവായി എന്നും അനുസ്മരിക്കപ്പെടുന്നു.
ചെന്നൈയിലും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്ന സീറോ മലബാർ സഭാംഗങ്ങളുടെ അജപാലന ശുശ്രൂഷ സീറോ മലബാർ ബിഷപ്സ് സിനഡ് ഇരിങ്ങാലക്കുട രൂപതയെ ഏൽപ്പിച്ചതോടെയാണ് പുതിയ ദൗത്യത്തിന് തുടക്കമായത്. അന്നത്തെ ഇരിങ്ങാലക്കുട രൂപതാധ്യക്ഷനായ മാർ ജെയിംസ് പഴയാറ്റിൽ ഫാ. ജോസ് പാലാട്ടിയെ ആദ്യ ചാപ്ലിനായി നിയോഗിച്ചു. ആ തീരുമാനം പിന്നീട് ഹൊസൂർ രൂപതയുടെ പിറവിയിലേക്ക് നയിച്ച ചരിത്രനിമിഷമായി മാറി.
1988 ഡിസംബർ 18 ന് കർദിനാൾ മാർ ആന്റണി പടിയറ അയനാവരത്ത് പാസ്റ്ററൽ സെന്റർ ആശീർവദിച്ചതോടെ ഈ ദൗത്യത്തിന് കൂടുതൽ ശക്തിയും വ്യാപ്തിയും ലഭിച്ചു. തുടർന്ന് അനേകം സ്കൂളുകളും വിദ്യാഭ്യാസ-സാമൂഹിക സ്ഥാപനങ്ങളും സ്റ്റേഷൻ പള്ളികളും ഇടവകകളും രൂപംകൊണ്ടു. സീറോ മലബാർ സഭയുടെ സജീവ സാന്നിധ്യം തമിഴ്നാട്ടിൽ ശക്തിപ്പെടാൻ മാർ ജെയിംസ് പഴയാറ്റിലിന്റെ ദീർഘവീക്ഷണവും അക്ഷീണപരിശ്രമവും നിർണായകമായി.
2016 ജൂലൈ 10-ന് മാർ ജെയിംസ് പഴയാറ്റിൽ സ്വർഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടു. എന്നാൽ അദ്ദേഹം സ്വപ്നംകണ്ട ഹൊസൂർ രൂപത അദ്ദേഹത്തിന്റെ വേർപാടിന്റെ തൊട്ടടുത്ത വർഷം 2017 ഒക്ടോബർ 10 ന് യാഥാർഥ്യമായി. ഭൂമിയിൽ ജീവിച്ചിരിക്കെ സ്വന്തം സ്വപ്നത്തിന്റെ സാക്ഷാത്കാരം കാണാൻ കഴിഞ്ഞില്ലെങ്കിലും, അദ്ദേഹത്തിന്റെ പ്രാർത്ഥനയും ദർശനവും ത്യാഗവും ആ സ്വപ്നത്തിന് ജീവൻ പകർന്നു.
രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ മാർ ജെയിംസ് പഴയാറ്റിൽ പാകിയ അടിത്തറയിൽ ഹൊസൂർ രൂപതയെ ആത്മീയവും അജപാലനപരവുമായി മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് രൂപതയുടെ വളർച്ചയിലും ചൈതന്യത്തിലും സ്ഥാപകപിതാവിന്റെ ദീർഘവീക്ഷണവും സമർപ്പിത സേവനവും വ്യക്തമായി പ്രതിഫലിക്കുന്നു.
മാർ ജെയിംസ് പഴയാറ്റിൽ ഓർമയായിട്ട് പത്ത് വർഷം പൂർത്തിയാകുമ്പോൾ, ഹൊസൂർ രൂപത അദ്ദേഹത്തെ നന്ദിയോടെയും അഭിമാനത്തോടെയും അനുസ്മരിക്കുന്നു. വിതച്ച വിത്ത് വൻവൃക്ഷമായി വളർന്നതിന്റെ സന്തോഷം ഇന്ന് ആയിരക്കണക്കിന് വിശ്വാസികളുടെ ജീവിതത്തിലൂടെ സാക്ഷ്യപ്പെടുന്നു. കാലം മായ്ക്കാനാകാത്ത ആ ഇടയന്റെ പൈതൃകം ഹൊസൂർ രൂപതയുടെ ചരിത്രത്തിൽ എന്നും ജ്വലിച്ചുനിൽക്കും.

Social Media Links

For More Info Contact Us

Contact

Address:

Phone Number :

Contact Us