മാര്‍ തോമാശ്ലീഹയുടെ വിശ്വാസചൈതന്യമുള്ളവരായിരിക്കണം
പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍:
മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍
ചെന്നൈ: ഭാരത അപ്പസ്‌തോലനായ മാര്‍ തോമാശ്ലീഹയുടെ വിശ്വാസചൈതന്യമുള്ളവരായിരിക്കണം പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്ന് ഹൊസൂര്‍ രൂപത ബിഷപ്പ് സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ ആഹ്വാനം ചെയ്തു. ഹൊസൂര്‍ രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ 2025-2027 അയ്യനവരം പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസ ജീവിതം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കേണ്ടത് നമ്മുടെ കടമയും ദൗത്യവുമാണ്. യേശു നമ്മെ ഏല്പിച്ചദൗത്യത്തിന്റെ പൂര്‍ത്തീകരണം അപ്പോഴേ സാധ്യമാവൂ. അതാണ് സുവിശേഷപ്രഘോഷണ ദൗത്യം. രൂപതയുടെ വളര്‍ച്ചയില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെ ഓരോ പ്രവര്‍ത്തനവും സാന്നിധ്യവും നിര്‍ണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരിഞ്ഞാലക്കുട രൂപതയുടെ സെന്റ് ജെയിംസ് ഹോസ്പിറ്റലിന്റെ ഡയറക്ടര്‍ റവ. ഫാ. ആന്റു ആലപ്പാടന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെ കടമകളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും ക്ലാസ്സ് നയിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ സമര്‍പ്പിതരും അല്മായരും വിവിധ ഇടവകയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരും നോമിനേറ്റ് അംഗങ്ങളുമായി 119 പേര്‍ പങ്കെടുത്തു.
ജനറല്‍ സെക്രട്ടറിയായി റവ. ഫാ. ലെസ്ലിന്‍ ചെറുപറമ്പിലിനെയും സെക്രട്ടറിയായി ശ്രീ ജേക്കബ് ചക്കാത്തറയെയും ജോയിന്റ് സെക്രട്ടറിമാരായി ബൈജു, റീന പോള്‍ എന്നിവരെയും പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. അജണ്ട കമ്മിറ്റി അംഗങ്ങളായ സോയി ജോസഫ്, ഡീന, മാത്യു ചാക്കോ എന്നിവരെയും ഫിനാന്‍സ് കൌണ്‍സിലേക്ക് മാത്യു കെ, ഡെന്നി മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.
വികാരി ജനറാള്‍ മോണ്‍. ജിജോ തുണ്ടത്തില്‍ സത്യപ്രതിജ്ഞ എല്ലാവര്‍ക്കും ചൊല്ലിക്കൊടുത്തു. സെക്രട്ടറി ജേക്കബ് ചക്കാത്തറ നന്ദി അര്‍പ്പിച്ചു.
കഴിഞ്ഞ വര്‍ഷ പാസ്റ്ററല്‍ കൗണ്‍സില്‍ അഗങ്ങളായ ജനറല്‍ സെക്രട്ടറി ഫാ. സിബിന്‍ കോട്ടക്കല്‍, സെക്രട്ടറി മാത്യു ചാക്കോ, ജോയിന്റ് സെക്രട്ടറിമാരായ സെബാസ്റ്റ്യന്‍ അനിത്തോട്ടം, ജയ ജേക്കബ് എന്നിവര്‍ക്ക് നന്ദി പറഞ്ഞു.